ഫോളോ ചെയ്യാം

Monday, 11 November 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 33 دروس الحديث - നോമ്പുകാരന്‍ ശ്രദ്ധിക്കേണ്ടത്


 


عَنْ أَبِي هُرَيْرَةَ، رَضِيَ اللهُ عَنْهُ رِوَايَةً، قَالَ: "إِذَا أَصْبَحَ أَحَدُكُمْ يَوْمًا صَائِمًا، فَلَا يَرْفُثْ وَلَا يَجْهَلْ، فَإِنِ امْرُؤٌ شَاتَمَهُ أَوْ قَاتَلَهُ، فَلْيَقُلْ: إِنِّي صَائِمٌ، إِنِّي صَائِمٌ "-رواه البخاري، ومسلم

അബൂ ഹുറൈറ رضي الله عنه നിവേദനം, അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم പറഞ്ഞു: നോമ്പ് ഒരു പരിചയാണ്. (നോമ്പുകാരന്‍) ഭാര്യാഭര്‍തൃ ബന്ധത്തില്‍ ഏര്‍പ്പെടരുത്, അവന്‍ വിവരക്കേട് കാണിക്കുകയും ചെയ്യരുത്. ഏതെങ്കിലും ആള്‍ അവനോട് ശണ്ഠ കൂടുകയോ ശകാരിക്കുകയോ ചെയ്താല്‍: നിശ്ചയം ഞാന്‍ നോമ്പുകാരനാണ്, നിശ്ചയം ഞാന്‍ നോമ്പുകാരനാണ് എന്ന് അവന്‍ പറയട്ടെ. (ബുഖാരി, മുസ്ലിം).

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

 ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബൂഹുറൈറ, യഥര്‍ത്ഥ നാമം: അബ്ദുറഹ്മാനു ബ്നു സ്വഖ്ര്‍ അദ്ദൗസി, മരണം: ഹി-57

    

    പരിശുദ്ധ റമദ്വാനില്‍ പ്രവേശിക്കാന്‍ അല്ലാഹു നമുക്ക് ഭാഗ്യം നല്‍കിയിരിക്കുന്നു الحمد لله, ഈ സൗഭാഗ്യത്തിന് നാം അല്ലാഹുവിന് നന്ദിയര്‍പ്പിക്കുകയും, പൂര്‍ണ ആരോഗ്യത്തോടെ ഈ മാസത്തിലെ ആരാധനാ കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ഭാഗ്യം ലഭിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യണം.

      റമദ്വാനിനെ കൃത്യമായി ഉപയോഗിക്കാനുള്ള തൗഫീക്വ് അല്ലാഹു നമുക്ക് നല്‍കുമാറാവട്ടെ.. ആമീന്‍

     തിന്‍മകളില്‍ നിന്നും അനന്തരം നരകത്തില്‍ നിന്നും മനുഷ്യനെ തടുത്ത് നിര്‍ത്തുന്ന ആരാധനാ കര്‍മമായ നോമ്പ് ഈ മാസത്തിന്‍റെ പ്രത്യേകതയാണ്.

    റമദ്വാനിലോ, അല്ലാത്തപ്പോഴോ നോമ്പെടുത്താലും നോമ്പ് വിശ്വാസിയെ നരകത്തില്‍ നിന്ന് തടുക്കും.

    തിന്‍മകളില്‍ നിന്നും ദേഹേച്ഛകളില്‍ നിന്നും നോമ്പ് മനുഷ്യനെ സംരക്ഷിക്കും. നരകം വലയം ചെയ്യപ്പെട്ടിരിക്കുന്നത് ദേഹേച്ഛകള്‍ കൊണ്ടാണ്. അത്തരം കര്യങ്ങളില്‍ നിന്ന് നോമ്പ് മനുഷ്യനെ തടഞ്ഞ് നിര്‍ത്തിയാല്‍ അവന്‍ നരകത്തില്‍ നിന്ന് സുരക്ഷിതനാകും.

   നോമ്പെടുക്കുന്നവന്‍ അതിന് കോട്ടം തട്ടുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ പാടുള്ളതല്ല. വൃത്തികെട്ട സംസാരങ്ങളും, ഭാര്യാ-ഭര്‍തൃ ബന്ധങ്ങളും, വിവരം കെട്ട പ്രവര്‍ത്തനങ്ങളും നോമ്പിന് ദോഷം ചെയ്യും.

     الرَّفَث എന്നതിന് മോശം സംസാരം എന്നും, ഭാര്യാ-ഭര്‍തൃ ബന്ധം എന്നും അര്‍ത്ഥം ഉണ്ട്.

    വിവരദോഷം നിറഞ്ഞതും, വിവേകമില്ലാത്തതുമായ പ്രവര്‍ത്തനങ്ങളാണ് (يجهل) എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്.

  മോശം വാക്കുകളും പ്രവര്‍ത്തനങ്ങളും ഒഴിവാക്കാത്തവന്‍റെ പട്ടിണി അല്ലാഹുവിന് ആവശ്യമില്ല.

    നോമ്പുകാരനോട് ആരെങ്കിലും ശണ്ഠ കൂടുകയോ, ശകാരിക്കുകയോ, ചീത്ത വിളിക്കുകയോ, തര്‍ക്കിക്കുകയോ ചെയ്താല്‍ അതിനോട് അത് പോലെ പ്രതികരിക്കാതെ ഞാന്‍ നോമ്പുകാരനാണെന്ന് പറഞ്ഞ് മാറിപ്പോകണം.

    നോമ്പുകാരനാണെങ്കിലും അല്ലെങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ മോശം ഇടപെടല്‍ നടത്താതെ വിശ്വാസി മാന്യമായി മാറിപ്പോകേണ്ടതുണ്ട്. നോമ്പുകാരനാകുമ്പോള്‍ ഇത് ഒന്ന് കൂടി ശ്രദ്ധിക്കണം, ഇല്ലെങ്കില്‍ അത് നോമ്പിന് ന്യൂനതയുണ്ടാക്കും.

    ധാരാളം പ്രത്യേകതകളുള്ള നോമ്പ് അനുഷ്ടിക്കുമ്പോള്‍ കുറേ നിയന്ത്രണങ്ങള്‍ നോമ്പുകാരനില്‍ ഉണ്ടാവേണ്ടതുണ്ട്. ഭക്ഷണ പാനീയങ്ങള്‍ മാത്രം നിയന്ത്രിച്ചാല്‍ പോര എന്നര്‍ത്ഥം.

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...