ഫോളോ ചെയ്യാം

Saturday, 2 November 2024

നിര്‍ബന്ധ ദാനവും അനിവാര്യ വിവരങ്ങളും-المعلومات الأساسية عن الزكاة _ നൗഫല്‍ മദീനി

 

ലഘുലേഖ


നിര്‍ബന്ധ ദാനവും,

അനിവാര്യ വിവരങ്ങളും





മാന്യ സഹോദരാ...  السلام عليكم ورحمة الله وبركاته


    ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ 3-ാമത്തേതാണല്ലോ സകാത്ത്.  വളരെയേറെ പ്രാധാന്യത്തോടെ നിര്‍വഹിക്കപ്പെടേണ്ട ഒരു ആരാധനയാണത്. പക്ഷെ അധിക പേരും ഈ വിഷയത്തില്‍ വിവരമില്ലാത്തവരും ശ്രദ്ധ കൊടുക്കാത്തവരുമാണ്. കൃത്യമായ രൂപത്തില്‍ ഇത് നടപ്പിലാക്കിയില്ലെങ്കില്‍ വളരെ വലിയ അപകടം അവര്‍ക്കുണ്ടെന്ന് ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്നുണ്ട്. അതില്‍ പെട്ട ചില കാര്യങ്ങള്‍ താങ്കളെ അറിയിക്കുകയാണ്.


എന്താണ് സകാത്ത്?

വളര്‍ച്ച, ശുദ്ധി എന്നൊക്കെയാണ് സകാത്തിന്‍റെ ഭാഷാര്‍ത്ഥം.

സാങ്കേതികാര്‍ത്ഥത്തില്‍:  നിശ്ചിത സമയത്ത് നല്‍കേണ്ടതും, പ്രത്യേക വിഭാഗങ്ങള്‍ക്ക് കൊടുക്കേണ്ടതുമായ,  സമ്പത്തില്‍ നിന്ന് അളവ് നിര്‍ണ്ണയിക്കപ്പെട്ട് നിര്‍വഹിക്കപ്പെടേണ്ട നിര്‍ബന്ധ ബാധ്യതയാണ് സകാത്ത്.


ഇസ്‌ലാം  പടുത്തുയര്‍ത്തപ്പെട്ടത്...

ഇബ്നു ഉമര്‍ رضي الله عنه റിപ്പോര്‍ട്ട് ചെയുന്നു: റസൂല്‍ صلى الله عليه وسلم പറഞ്ഞിട്ടുണ്ട്: ഇസ്‌ലാം അഞ്ച് കാര്യങ്ങളിന്‍മേല്‍ ആണ് നിര്‍മിക്കപ്പെട്ടത്: അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്ന സാക്ഷ്യവും- മുഹമ്മദ് صلى الله عليه وسلم അല്ലാഹുവിന്‍റെ ദൂതനാണന്ന സാക്ഷ്യവും, നമസ്കാരം നിലനിര്‍ത്തലും, സകാത്ത് കൊടുക്കലും, ഹജ്ജ് ചെയ്യലും, റമദാനിലെ നോമ്പുമാണവ.(ബുഖാരി, മുസ്ലിം)


സകാത്ത് കൊടുക്കാന്‍ അല്ലാഹുവിന്‍റെ കല്‍പന

    നമസ്കാരത്തോടൊപ്പം സകാത്ത് കൊടുക്കാനും അല്ലാഹു കല്‍പിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ പല സ്ഥലങ്ങളിലായി നമസ്കാരത്തോടൊപ്പം സകാത്തിനേയും അല്ലാഹു വിവരിക്കുന്നുണ്ട്. സകാത്തിന്‍റെ പ്രാധാന്യത്തേയാണ് അത് സൂചിപ്പിക്കുന്നത്. അല്ലാഹുവിന്‍റെ കല്‍പന കാണുക: (നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും, റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.) (സൂറതുന്നൂര്‍: 56)


സമ്പത്ത് അല്ലാഹു നല്‍കുന്നതാണ്, അല്ലാഹുവിന്‍റെ ഔദാര്യമാണത്

അല്ലാഹു പറയുന്നു: (അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സമ്പത്തില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ നല്‍കി സഹായിക്കുകയും ചെയ്യുക) (സൂറതുന്നൂര്‍:33), അല്ലാഹു പറയുന്നു: (അവന്‍ നിങ്ങളെ ഏതൊരു സ്വത്തില്‍ പിന്തുടര്‍ച്ച നല്‍കപ്പെട്ടവരാക്കിയിരിക്കുന്നോ അതില്‍ നിന്നു ചെലവഴിക്കുകയും ചെയ്യുക.) (സൂറതുല്‍ഹദീദ്:7) നമ്മുടെ സമ്പത്ത് അല്ലാഹു നമ്മെ ഏല്‍പിച്ചതാണ്. ഈ സമ്പത്തില്‍ നിന്ന് ചിലവഴിക്കാനാണ് അല്ലാഹു നമ്മോട് കല്‍പിക്കുന്നത്.


പിശുക്ക് കാണിക്കുന്നവരുടെ ശ്രദ്ധക്ക്..!

    അല്ലാഹു പറയുന്നു: (അല്ലാഹു അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അവര്‍ക്ക് ദോഷകരമാണത്. അവര്‍ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്. (അഥവാ ചുറ്റി വരിയുന്നതാണ്) ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനത്രെ. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.) (ആലു ഇംറാന്‍: 180)


സമ്പത്ത് നിധി കൂമ്പാരമായി കൂട്ടി വെക്കുന്നവരുടെ ശ്രദ്ധക്ക് ..!

    അല്ലാഹു പറയുന്നു: (സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. ** നരകാഗ്നിയില്‍ വെച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയും, എന്നിട്ടത് കൊണ്ട് അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം (അവരോട് പറയപ്പെടും): നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി തന്നെ നിക്ഷേപിച്ചുവെച്ചതാണിത്. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ച് വെച്ചിരുന്നത് നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക.) (സൂറതുത്തൗബ: 34-35)


സമ്പത്തിനെ വിഷ സര്‍പ്പമാക്കപ്പെടും

    അബ്ദുല്ലാഹി ബ്നു മസ്ഊദ് رضي الله عنه റിപ്പോര്‍ട്ട് ചെയ്യുന്നു. റസൂല്‍ صلى الله عليه وسلم പറഞ്ഞിട്ടുണ്ട്: തന്‍റെ സമ്പത്തിന്‍റെ സകാത്ത് നല്‍കാത്ത ഏതൊരാളുടേയും സമ്പത്ത് അന്ത്യ ദിനത്തില്‍ വിഷ സര്‍പ്പമായി മാറ്റപ്പെടും, അത് അവന്‍റെ കഴുത്തില്‍ ചുറ്റി വരിയും ... (ഇബ്നുമാജ)


സകാത്ത് കൊടുക്കാത്തവരോട് യുദ്ധം

    സകാത്ത് കൊടുക്കാതിരിക്കുകയോ, അതിനെ നിഷേധിക്കുകയോ ചെയ്യുന്നവരോട്  ഇസ്ലാമിക ഗവണ്‍മെന്‍റിന് യുദ്ധം വരെ ചെയ്യാം. അല്ലാഹു പറയുന്നു: (ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക.) (തൗബ:5). അഥവാ ഈ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അവരോട് യുദ്ധം ചെയ്യാം എന്നര്‍ത്ഥം.  ഇബ്നു ഉമര്‍ رضي الله عنه റിപ്പോര്‍ട്ട് ചെയ്യുന്നു: റസൂല്‍ صلى الله عليه وسلم പറഞ്ഞിട്ടുണ്ട്: അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് صلى الله عليه وسلم അല്ലാഹുവിന്‍റെ ദൂതനാണെന്നും അവര്‍ സാക്ഷ്യം വഹിക്കുന്നത് വരെയും, അവര്‍ നമസ്കാരം നില നിര്‍ത്തുകയും, സകാത്ത് കൊടുക്കുകയും ചെയ്യുന്നത് വരെയും അവരോട് യുദ്ധം ചെയ്യാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവര്‍ അത് ചെയ്താല്‍ ഇസ്ലാമിന്‍റെ കാര്യത്തില്‍ അവരുടെ സമ്പത്തുകളും, രക്തങ്ങളും എന്നില്‍ നിന്ന് മുക്തമായിരിക്കുന്നു. അവരുടെ വിചാരണ അല്ലാഹുവിന്‍റെ ബാധ്യതയാണ്. (ബുഖാരി, മുസ്ലിം)


സകാത്ത് സമ്പത്തിനെ കുറക്കുകയില്ല...!!

 അല്ലാഹു പറയുന്നു:  (അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മ്മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും.) (അല്‍ബഖറ: 276), അല്ലാഹു പറയുന്നത് വീണ്ടും കാണുക: അല്ലാഹുവിന്‍റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവര്‍.) (റൂം:39),  അബൂ ഹുറൈറ رضي الله عنه റിപ്പോര്‍ട്ട് ചെയ്യുന്നു. റസൂല്‍ صلى الله عليه وسلم പറഞ്ഞു: ദാനം സമ്പത്തിനെ കുറക്കുകയില്ല, വിട്ടു വീഴ്ച്ച കൊണ്ട് അല്ലാഹു ഒരു അടിമക്ക് അഭിമാനമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല, അല്ലാഹുവിനു വേണ്ടി ആരെങ്കിലും വിനയം കാണിച്ചാല്‍ അല്ലാഹു അവനെ ഉയര്‍ത്തും (മുസ്ലിം)


മരണം തൊണ്ടക്കുഴിയിലെത്തിയാല്‍ മനുഷ്യന് ബോധം വരും

    മരണം അടുത്താല്‍ ദാനം ചെയ്യാനും സല്‍കര്‍മങ്ങള്‍ അധികരിപ്പിക്കാനും മനുഷ്യന് ബോധം വരുമെന്ന് ഖുര്‍ആന്‍ അറിയിക്കുന്നു. ഇനി സമ്പത്ത് കൊണ്ട് കാര്യമില്ലെന്ന് അവന്‍ മനസിലാക്കുമ്പോഴാണത്. അല്ലാഹു പറയുന്നു: (നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുമ്പായി നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത് അവന്‍ ഇപ്രകാരം പറഞ്ഞേക്കും. എന്‍റെ രക്ഷിതാവേ, അടുത്ത ഒരു അവധി വരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും, സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്.) (മുനാഫിഖൂന്‍:10).


പക്ഷെ കാര്യമില്ല...

    അല്ലാഹു പറയുന്നു: (ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.)  (മുനാഫിഖൂന്‍:11)


ശ്രദ്ധിക്കുക.. നിന്‍റെ ധനം നാളെ ഉപകരിക്കില്ല...

    അല്ലാഹു പറയുന്നു: (അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം. ** കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ.) (ശുഅറാഅ്: 88,89)


********

സകാത്ത് കൊണ്ടുള്ള നേട്ടങ്ങള്‍

1- അത് ചെയ്താല്‍ ഇസ്ലാമിന്‍റെ പ്രധാന സ്തംഭത്തെ നടപ്പിലാക്കലാകും 

2- അടിമക്ക് അല്ലാഹുവിനോട് അടുപ്പം കൂടുകയും, അവനിലുള്ള വിശ്വാസം വര്‍ധിക്കുകയും ചെയ്യും. 

3- അതിലൂടെ മഹത്തായ പ്രതിഫലം ലഭിക്കും. 

4- സമ്പത്ത് വര്‍ദ്ധിക്കുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യും. 

5- അതിലൂടെ പാപങ്ങള്‍ മായ്ക്കപ്പെടുന്നു. 

6- പിശുക്ക് പോലെയുള്ള ദു:സ്വഭാവങ്ങളില്‍ നിന്ന് ശുദ്ധിയുള്ളവനാകും. 

    തുടങ്ങി ഐഹികവും പാരത്രികവുമായ ഒട്ടേറെ നേട്ടങ്ങള്‍ സകാത്ത് മുഖേന ലഭിക്കാനുണ്ട്.


ഏതെല്ലാം സമ്പത്തിനാണ് സകാത്ത് കൊടുക്കേണ്ടത്??

 നാല് ഇനം സമ്പത്തിനാണ് സകാത്ത് നല്‍കേണ്ടത്. 

അവ: 

1- കൃഷിയുല്‍പന്നങ്ങള്‍    

2- നാല്‍കാലി മൃഗങ്ങള്‍      

3- സ്വര്‍ണ്ണവും വെള്ളിയും (നാണയങ്ങള്‍) 

4- കച്ചവട സാധനങ്ങള്‍.


എപ്പോഴാണ് സകാത്ത് കൊടുക്കേണ്ടത്?

    സമ്പത്ത് നമ്മുടെ കയ്യില്‍ ഒരു വര്‍ഷം തികയുമ്പോഴാണ് സകാത്ത് നല്‍കേണ്ടത്.  അത് പോലെ തന്നെ സകാത്ത് കൊടുക്കേണ്ട തോത് (നിസ്വാബ്) എത്തുകയും വേണം.


സകാത്തിന്‍റെ നിസ്വാബുകള്‍

    നാല് ഇനങ്ങളുടേയും തോതുകള്‍ നമ്മള്‍ അറിഞ്ഞിരിക്കണം. നാല്‍കാലികളുടെ തോതൊഴികെ ബാക്കിയുള്ളവയുടെ നിസ്വാബുകള്‍ ഇവിടെ നമുക്ക് മനസിലാക്കാം.


കൃഷിയുല്‍ പന്നങ്ങളുടെ നിസ്വാബ്:

    കൃഷിയുല്‍പന്നങ്ങള്‍ 5 വസ്ഖ് ഉണ്ടെങ്കില്‍ അതിന്‍റെ അഞ്ച് ശതമാനം സകാത്ത് കൊടുക്കണം. 5 വസ്ഖ് ഏകദേശം 6 ക്വിന്‍റല്‍ ആണ് കണക്കാക്കപ്പെടുന്നത്. 

    തേവി നനച്ച് ഉണ്ടാക്കിയതാണ് അത് എങ്കിലാണ് 5 ശതമാനം കൊടുക്കേണ്ടത്.  തേവി നനച്ചതല്ലെങ്കില്‍ അതിന്‍റെ 10% കൊടുക്കണം. തൊലി കളഞ്ഞ് ഉപയോഗിക്കുന്ന ഉല്‍പന്നങ്ങളാകുമ്പോള്‍ ആറു ക്വിന്‍റല്‍ ഉപയോഗക്ഷമമായ ധാന്യം ലഭിക്കാന്‍ ആവശ്യമായത്ര ഉല്‍പന്നം ഉണ്ടായാല്‍ മാത്രമേ സകാത്ത് നിര്‍ബന്ധമാകുന്ന നിസ്വാബാവുകയുള്ളൂ.


നാല്‍കാലി മൃഗങ്ങളുടെ നിസ്വാബ്:

ആട്: 

40-120 ആടുകള്‍ക്ക് ഒരു ആട്, 

121-200 വരെ ആടുകള്‍ക്ക് 2 ആടുകള്‍, 

201-300 ആടുകള്‍ക്ക് 3 ആടുകള്‍. 

പിന്നെ ഓരോ 100 ആടിനും ഒരു ആട് എന്ന നിലക്ക് നല്‍കണം.


ഒട്ടകം:

5-9 വരെ ഒട്ടകങ്ങള്‍ ഉണ്ടെങ്കില്‍ ഒരു ആട്, 

10-14 ഒട്ടകങ്ങള്‍ക്ക് 2 ആടുകള്‍, 

15-19 ഒട്ടകങ്ങള്‍ക്ക് മൂന്ന് ആടുകള്‍, 

20-24 വരെ 4 ആടുകള്‍ .... എന്നീ നിലക്ക് നല്‍കണം.


പശു:

30-39 പശു ഇനത്തിന് ഒരു വയസുള്ള പശു, 

40-59 എണ്ണത്തിന് രണ്ട് വയസുള്ള പശു, 

60-69 ഒരു വയസുള്ള രണ്ട് പശു, 

പിന്നെ ഓരോ 30 എണ്ണത്തിനും ഒരു വയസുള്ള പശുവിനെയും, 

ഓരോ 40 എണ്ണത്തിനും രണ്ട് വയസുള്ള പശുവിനെയും എന്ന നിലക്ക് നല്‍കണം.


നാണയങ്ങളുടെ നിസ്വാബ്

    സ്വര്‍ണ്ണം, വെള്ളി തുടങ്ങിയ നാണയ ഇനത്തില്‍ വരുന്നവയുടെ നിസ്വാബ്. 

സ്വര്‍ണ്ണത്തിന്‍റെ നിസ്വാബ് 20 ദീനാറും (അഥവാ 84 ഗ്രാം സ്വര്‍ണ്ണവും), വെള്ളിയുടെ നിസ്വാബ് 200 ദിര്‍ഹമും (590 ഗ്രാം വെള്ളിയുടെ തൂക്കം) ആണ്. മറ്റു നാണയങ്ങളുടെ നിസ്വാബ് 590 ഗ്രാം വെള്ളിയുടെ വില കണക്കാക്കിയാണ് നിശ്ചയിക്കേണ്ടത്. ഇങ്ങനെ നിസ്വാബ് എത്തിയാല്‍ ഈ ഇനത്തിന്‍റെ രണ്ടര ശതമാനം (2.5%) സകാത്ത് നല്‍കണം.


കച്ചവട സാധനങ്ങളുടെ നിസ്വാബ്

    കച്ചവട സാധനങ്ങളുടെ നിസ്വാബ് കണക്കാക്കുന്നത് വര്‍ഷം തികയുമ്പോള്‍ കയ്യിലുള്ള നാണയങ്ങളും,  കച്ചവട സാധനങ്ങളുടെ വില കണക്കാക്കി അവ രണ്ടും കൂടി കൂട്ടിയാണ്. അവ രണ്ടും കൂട്ടി വെള്ളിയുടെ നിസ്വാബ് എത്തിയാല്‍ അതിന്‍റെ രണ്ടര ശതമാനം സകാത്ത് നല്‍കണം.

     ഓരോ ഇനത്തിനും നിസ്വാബിന് താഴെയാണ് വരുന്നതെങ്കില്‍ സകാത്ത് നല്‍കേണ്ടതില്ല. എന്നാല്‍ നിസ്വാബ് എത്തിയാല്‍ കൃത്യമായി പഠിപ്പിക്കപ്പെട്ട വിധം തന്നെ സകാത്ത് നല്‍കണം. നമുക്ക് തോന്നുന്ന വിധം എന്തെങ്കിലും കൊടുത്താല്‍ മതിയാവുകയില്ല. ശതമാനം നോക്കി കണക്കനുസരിച്ച് തന്നെ നല്‍കണം.


        ഭൂമിക്ക് സകാത്ത് ഇല്ല. എന്നാല്‍ കച്ചവടത്തിനായി വെച്ച ഭൂമിക്ക് സകാത്ത് ഉണ്ട്. വീടും നമ്മള്‍ ഉപയോഗിക്കുന്ന മറ്റു ഭൗതിക സാധനങ്ങളും ഇങ്ങനെ തന്നെയാണ്.


സഹോദരാ...

    വിശുദ്ധ ഖുര്‍ആനിന്‍റേയും തിരുസുന്നത്തിന്‍റേയും അടിസ്ഥാനത്തിലുള്ള ഈ ലഘു കുറിപ്പ് താങ്കള്‍ സശ്രദ്ധം വായിക്കുകയും മനസിലാക്കുകയും ചെയ്യുക. സകാത്തിനെ കുറിച്ച് അറിയുകയും അതിന്‍റെ മഹത്വവും ഗൗരവവും ഗ്രഹിക്കുകയും അത് നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഈ ലഘു കുറിപ്പില്‍ ഒതുങ്ങുന്നതല്ല സകാത്തിന്‍റെ വിവരങ്ങള്‍. സംശയങ്ങള്‍ തീര്‍ത്ത് കൊണ്ട് അത് നിര്‍വഹിക്കാന്‍ അറിവുള്ളവരോട് ചോദിച്ച് മനസിലാക്കുക. അല്ലാഹുവിന് വേണ്ടി ചെയ്യുന്ന കര്‍മങ്ങള്‍ കുറ്റമറ്റതും ആത്മാര്‍ത്ഥതയുള്ളതുമാക്കാന്‍ ശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീന്‍.


തയ്യാറാക്കിയത് : നൗഫല്‍ മദീനി

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...