عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا، قَالَ: قَالَ
النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «لاَ تَحْلِفُوا بِآبَائِكُمْ، وَمَنْ
كَانَ حَالِفًا فَلْيَحْلِفْ بِاللَّهِ»- صحيح البخاري- 7401
ഇബ്നു ഉമര്‍ k നിവേദനം, നബി g പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ കൊണ്ട് സത്യം ചെയ്യരുത്, ആരെങ്കിലും സത്യം ചെയ്യുകയാണെങ്കില്‍ അല്ലാഹുവിനെ കൊണ്ട് സത്യം ചെയ്യുക. (ബുഖാരി: 7401)
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബ്ദുല്ലാഹി ബ്നു ഉമര്‍ k, മരണം: ഹി-73
ഒരു കാര്യം കേള്‍ക്കുന്നവന് കൂടുതല്‍ വിശ്വാസമാകുന്നതിന് വേണ്ടി ആളുകള്‍ സത്യം ചെയ്ത് പറയാറുണ്ട്. ഇങ്ങനെ സത്യം ചെയ്യുന്നവര്‍ അല്ലാഹുവിനെ കൊണ്ട് മാത്രം സത്യം ചെയ്യണം.
ക്വുറൈശികള്‍ അവരുടെ പിതാക്കളെ കൊണ്ട് സത്യം ചെയ്യാറുണ്ടായിരുന്നു.
വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു അവന്‍റെ സൃഷ്ടികളില്‍ പെട്ട ചിലതിനെ കൊണ്ട് സത്യം ചെയ്ത് പറഞ്ഞിട്ടുണ്ട്. അത് അല്ലാഹുവിന് മത്രം പ്രത്യേകമായ കാര്യമാണ്. അത് അവയെ മഹത്വപ്പെടുത്തുന്നതിന് വേണ്ടിയാണ്. നമ്മള്‍ക്ക് സൃഷ്ടികളെ കൊണ്ട് സത്യം ചെയ്യാന്‍ പറ്റില്ല.
(والله، بالله، تالله) വല്ലാഹി, ബില്ലാഹി, തല്ലാഹി എന്നിങ്ങനെയാണ് സത്യം ചെയ്യലിന്‍റെ രൂപങ്ങള്‍.
അല്ലാഹു അല്ലാത്തവരെ കൊണ്ട് സത്യം ചെയ്താല്‍ അത് ശിര്‍ക്കാണ്.
സത്യം ചെയ്യപ്പെടുന്ന വസ്തു അല്ലാഹുവിന് തുല്യമാണെന്ന വിശ്വാസത്തോടെ അതിനെ കൊണ്ട് സത്യം ചെയ്താല്‍ മതത്തില്‍ നിന്ന് പുറത്ത് പോകുന്ന തരത്തില്‍ അത് വലിയ ശിര്‍ക്കാകും. എന്നാല്‍ ഇങ്ങനെയല്ലാതെ വെറും സത്യം ചെയ്യലാണെങ്കില്‍ അത് ചെറിയ ശിര്‍ക്കാകും. ഇതിലൂടെ അവന്‍ മതത്തില്‍ നിന്ന് പുറത്ത് പോകില്ല. എന്നാല്‍ ഇത് നിഷിദ്ധവും വന്‍പാപവുമാണ്.
അല്ലാഹു അല്ലാത്തവരെ കൊണ്ട് സത്യം ചെയ്തവര്‍ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയണം. ഇമാം അഹ്മദിന്‍റെ മറ്റൊരു റിപ്പോര്‍ട്ടിലുള്ളത്: 'ലാഇലാഹ ഇല്ലല്ലാഹു, വഹ്ദഹു' എന്ന് മൂന്ന് തവണ പറയുകയും, ഇടത് ഭാഗത്തേക്ക് മൂന്ന് തവണ തുപ്പുകയും, പിശാചില്‍ നിന്ന് അല്ലഹുവില്‍ അഭയം തേടുകയും ഈ കാര്യം വീണ്ടും ആവര്‍ത്തിക്കാതിരിക്കുകയും വേണം എന്നുണ്ട്.
ഒരാള്‍ ഒരു കാര്യം സത്യം ചെയ്ത് പറഞ്ഞാല്‍ പിന്നെ അത് നിറവേറ്റണം. നിറവേറ്റാതിരുന്നാല്‍ അവന്‍ പ്രായശ്ചിത്തം നല്‍കണം.
സത്യം ചെയ്യലിന്‍റെ പ്രായശ്ചിത്തം
അവന്‍ പത്ത് സാധുക്കള്‍ക്ക് അര സ്വാഅ് വീതം ഭക്ഷണം നല്‍കുകയോ, പത്ത് സാധുക്കള്‍ക്ക് നഗ്നത മറക്കാന്‍ പറ്റുന്ന വിധത്തിലുള്ള വസ്ത്രം നല്‍കുകയോ, ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയോ ചെയ്യണം.
ഈ മൂന്നില്‍ ഏതെങ്കിലും ഒന്ന് അവന് തെരെഞ്ഞെടുക്കാം. ഇതിന് ഒരു നിലക്കും അവന് സാധിക്കില്ല എങ്കില്‍ അവന്‍ മൂന്ന് ദിവസം നോമ്പെടുക്കണം.
തിന്‍മയായ ഒരു കാര്യം ചെയ്യുന്നതിനോ, നന്‍മ ചെയ്യാതിരിക്കാനോ ഒരാള്‍ സത്യം ചെയ്ത് പറഞ്ഞാല്‍ അത് അവന്‍ നിറവേറ്റേണ്ടതില്ല. അവന്‍ അതില്‍ നിന്ന് തൗബ ചെയ്യുകയും, പ്രായശ്ചിത്തം നല്‍കുകയും വേണം.

No comments:
Post a Comment